നീലേശ്വരം: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ നീലേശ്വരത്തെ അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഭരണസമിതി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്തിന് നിവേദനം നൽകി. ചെന്നൈ മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുക, കണ്ണൂർ മംഗളൂരു പാസഞ്ചറിന്റെ സമയം പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ഡിആർഎമ്മിനെ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽ കണ്ടാണ് നിവേദനം നൽകിയത്.
വിവിധ ആവശ്യങ്ങളുന്നയിച്ച് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ പ്രതിനിധികളും ഡിആർഎമ്മിന് നിവേദനം നൽകി. കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവേ സ്റ്റേഷന്റെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്ന നടപടികൾ ഊർജിതപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു